കിലോയ്ക്ക് 35 രൂപയ്ക്ക് സവാള; വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര നടപടിയുമായി സർക്കാർ

single-img
4 September 2026

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര വിപണി ഇടപെടലുമായി സർക്കാർ. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (എൻ.സി.സി.എഫ്.) മുഖേന 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അറിയിച്ചു. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി കിലോയ്ക്ക് 35 രൂപ നിരക്കിലാണ് പൊതുജനങ്ങൾക്ക് സവാള ലഭ്യമാക്കുക. കൊല്ലങ്കോട്, കായംകുളം, ചാല, നോർത്ത് പറവൂർ തുടങ്ങിയ പ്രധാന വിപണികളിൽ മൊത്തവില കിലോയ്ക്ക് 58 മുതൽ 80 രൂപ വരെ ഉയർന്ന സാഹചര്യത്തിലാണ് ഈ മേഖലകൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്.

നാസിക്, കർണാടക എന്നിവിടങ്ങളിലെ ഉൽപാദന കേന്ദ്രങ്ങളിൽ ഉണ്ടായ വിലവർധനയും ആവശ്യത്തിന് സവാള ലഭ്യമാകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മന്ത്രി പറഞ്ഞു. വിപണിയിലെ ആവശ്യത്തിനനുസരിച്ച് കൂടുതൽ സവാള എത്തിക്കുന്നതിന് സാമ്പത്തിക തടസമുണ്ടാകില്ലെന്നും ഹോർട്ടികോർപ്പും സപ്ലൈകോയും ചേർന്ന് വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംഭരിക്കുന്ന സവാളയുടെ ഗുണനിലവാരം നിലനിർത്താൻ വാഴക്കുളത്തെ കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള സംഭരണ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. വിപണിയിലെ വിലയും ലഭ്യതയും തുടർച്ചയായി നിരീക്ഷിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.