റിലയൻസ് ജീവനക്കാരെ അദാനി ​ഗ്രൂപ്പും അദാനിയുടെ ജീവനക്കാരെ റിലയൻസും നിയമിക്കില്ല; കരാർ പ്രാബല്യത്തിൽ

single-img
22 September 2022

നോ പൊച്ചിംഗ് കരാർ പ്രകാരം ഇനിമുതൽ അദാനി ​ഗ്രൂപ്പിലെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരെ ഇനി റിലയൻസോ റിലയൻസ് ഗ്രൂപ്പ് ജീവനക്കാരെ അദാനി ​ഗ്രൂപ്പോ ജോലിക്കായി നിയമിക്കില്ല. ഈ വർഷം മേയ് മുതൽ ഇരു വ്യവസായ ഭീമന്മാരും ഒപ്പുവെച്ച ഈ കരാർ നിലവിൽ വന്നു കഴിഞ്ഞു.രാജ്യത്തെ ഒരു വ്യക്തിയുടെ തൊഴിൽ നേടാനുള്ള അവസരം തടസപ്പെടുത്താത്തിടത്തോളം ഇത്തരമൊരു കരാർ നിയമവിരുദ്ധമാകില്ലെന്ന് ഈ രം​ഗത്തെ വി​ദ​ഗ്ധർ പറയുന്നു.

2021 ൽ റിലയൻസ് ​ഗ്രൂപ്പിന് പൂർണ്ണമായ ആധിപത്യമുള്ള പെട്രോകെമിക്കൽ രം​ഗത്തേക്ക് അദാനി കടക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു. റിന്യൂവബിൾ എനർജി, പവർ ജെനറേഷൻ, തുറമുഖങ്ങൾ, വിമാനത്താവളം, സോളാർ പോലുള്ള ഊർജ രം​ഗങ്ങൾ എന്നിവയിലാണ് അദാനി ​ഗ്രൂപ്പിന് നിലവിൽ ആധിപത്യം. ഇതിന് പുറമെ അദാനി ഡേറ്റ നെറ്റ്വർക്കുമുണ്ട്. റിലയൻസിന്റെ കുത്തകയാണ് നെറ്റ്വർക്ക് മേഖല.

ഏതാണ്ട് എല്ലാ മേഖലകളിലും ഇരു വ്യവസായികൾക്കും സംരംഭങ്ങളുണ്ടെന്നിരിക്കെ തൊഴിൽ നൈപുണ്യമുള്ളവരെ കമ്പനി സ്വന്തമാക്കുക എന്നത് അത്യന്താപേക്ഷികമാണ്. മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് വേണ്ടി സ്ഥാപനങ്ങൾ തമ്മിൽ മത്സരവുമുണ്ട്.