മോട്ടോർ വാഹന വകുപ്പ് പിടിച്ചുവച്ചിരിക്കുന്ന റോബിൻ ബസ് വിട്ട് നൽകാൻ കോടതി ഉത്തരവ്

single-img
23 December 2023

സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പിടിച്ചുവച്ചിരിക്കുന്ന റോബിൻ ബസ് വിട്ട് നൽകാൻ പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ബസുടമ ​ഗിരീഷ് പിഴ അടച്ചതിനെത്തുടർന്നാണ് ഉത്തരവ്. ഇയാൾ 82000 രൂപ പിഴ അടച്ചിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ ബസ്സിൽ എന്തൊക്കെ സാധന സാമഗ്രികൾ ഉണ്ടായിരുന്നു എന്നതിന്റെ പട്ടിക തയ്യാറാക്കണമെന്നും ബസ് കൈമാറുമ്പോൾ ഇവയെല്ലാം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.

പൊലീസ് ഈ കാര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. പത്തനംതിട്ട എ.ആർ ക്യാമ്പിലാണ് ബസ് സൂക്ഷിച്ചിരുന്നത്. ഇനിയും സർവീസ് നടത്തുമെന്നും നിയമ പോരാട്ടം തുടരുമെന്നും റോബിൻ ഗിരീഷ് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ബസ് വിട്ടുനൽകാൻ അധികൃതർ തയാറാകുന്നില്ലെന്നു കാട്ടിയാണു ഗിരീഷ് കോടതിയെ സമീപിച്ചത്.

നവംബറിൽ കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരും വഴിയായിരുന്നു തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാട്ടി എംവിഡി ബസ് പിടിച്ചെടുത്തത്. അതിനു മുമ്പുള്ള ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു.