ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ; തമന്ന എന്ന യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്

single-img
8 March 2023

സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ മാരകായുധങ്ങളുമായി റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കായി തെരച്ചില്‍ ആരംഭിച്ച് തമിഴ്‌നാട് പൊലീസ്. തമിഴ്നാട് വിരുദുനഗര്‍ സ്വദേശിനിയായ വിനോദിനി എന്ന തമന്ന (23)യെയാണ് പൊലീസ് അന്വേഷിക്കുന്നത്.

സോഷ്യൽ മീഡിയയിൽ മാരകായുധങ്ങളുമായാണ് പെണ്‍കുട്ടി മിക്ക വീഡിയോകളിലും എത്തിയിരുന്നത്. ‘ഫാന്‍സ് കോള്‍ മി തമന്ന’ എന്ന് പേരുള്ള അക്കൗണ്ടാണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. അതേസമയം, ഈ പെണ്‍കുട്ടി ഇതിന് മുമ്പ് കഞ്ചാവ് കേസിലടക്കം പ്രതി ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

2021 ലായിരുന്നു വിനോദിനിക്കെതിരെ കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രാഗ ബ്രദേഴ്സ് എന്ന് പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജിലും യുവതി സജീവമായിരുന്നു. ക്രിമിനല്‍ സംഘത്തില്‍പ്പെട്ട യുവാക്കളാണ് ഈ പേജില്‍ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ ആയുധങ്ങളുമായി വീഡിയോ പൊസ്റ്റ് ചെയ്യുന്നതിലൂടെ എതിര്‍ സംഘങ്ങളെ ഭീഷണിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം തന്നെ സമ്പന്ന വീട്ടിലെ ആണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്നും പണം തട്ടുന്നത് യുവതിയുടെ പതിവാണ്.