‘പ്രോജക്ട് സീറോ’ അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല

അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. വിജിൻസ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട് സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ ഓഫീസുകളിലേതുൾപ്പെടെ അഴിമതി പൂർണമായും ഇല്ലാതാക്കുന്നതിനുള്ള സമഗ്ര കർമ്മപദ്ധതിയായാണ് ‘പ്രോജക്‌ട് സീറോ’ പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുജന പങ്കാളിത്തം ഉറപ്പാക്കി സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ തെളിവുകളായി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ സമർപ്പിക്കാം. തെളിവുകൾ പരിശോധിച്ച് ശരിവെച്ചാൽ പരാതിക്കാരന് 5,000 രൂപ പാരിതോഷികമായി നൽകും. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ല.


