രാമക്ഷേത്ര നിർമ്മാണ സംഭാവന; പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായി പോലീസിന്റെ കണ്ടെത്തൽ

single-img
4 July 2026

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവനകളിൽ നിന്ന് പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ തട്ടിയെടുത്തിരുന്നതായി പോലീസിന്റെ കണ്ടെത്തൽ. ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഈ നിഗമനത്തിൽ എത്തിയത്. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും പരിശോധിക്കാൻ അയോധ്യ പോലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചിട്ടുണ്ട്.

തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് പ്രതിദിനം 16 മുതൽ 18 ലക്ഷം രൂപ വരെയാണ് ട്രസ്റ്റിന്റെ അക്കൗണ്ടുകളിൽ വന്നിരുന്നത്. എന്നാൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ക്ഷേത്രത്തിലെ പ്രതിദിന വരുമാന കണക്ക് 24 മുതൽ 26 ലക്ഷം രൂപയായി ഉയർന്നു. ക്ഷേത്രത്തിലെ പണപ്പിരിവിന്റെ മേൽനോട്ടം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. ഇതിനായി അവർ ഒരു സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.

നാല് വലിയ കാണിക്കപ്പെട്ടികളിൽ നിന്ന് ലഭിക്കുന്ന പണം എണ്ണാൻ 14 പേരുടെ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. ഇതിൽ 11 ബാങ്ക് ജീവനക്കാരും 3 ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളും ഉൾപ്പെടുന്നു. സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സംഭാവനകൾക്ക് കൃത്യമായ രേഖകൾ സൂക്ഷിക്കാതിരുന്നതാണ് പ്രതികൾക്ക് തട്ടിപ്പ് എളുപ്പമാക്കിയത്. ഫെബ്രുവരിയിലാണ് മോഷണം ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്.

ഈ കേസിൽ എസ്.ഐ.ടി ഇതുവരെ വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ശ്രീവാസ്തവ ഉൾപ്പെടെ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പണം എണ്ണുന്ന പ്രക്രിയയുടെ പ്രധാന മേൽനോട്ടക്കാരനായിരുന്നു ശ്രീവാസ്തവ. പണം എണ്ണുന്ന സമയത്ത് മോഷണം നടക്കുന്നുണ്ടെന്ന് സംഘത്തിലെ ഒരാൾ മുൻപ് ശ്രീവാസ്തവയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “ദൈവം കാണുന്നുണ്ട്, ഇത് നിങ്ങളുടെയോ എന്റെയോ വീട്ടിൽ നിന്ന് പോകുന്നതല്ല”. ഇത്തരത്തിൽ മോഷണത്തിന് ഇയാൾ ഒത്താശ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

സുഭാഷ് ശ്രീവാസ്തവ, അവിനാഷ് ശുക്ല, അനു സമഹു മിശ്ര, ടിന്നു യാദവ്, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് മറ്റു പ്രതികൾ. മോഷ്ടിച്ച പണം ക്ഷേത്രത്തിനടുത്തുള്ള പാർക്കിൽ വെച്ചാണ് പ്രതികൾ വിഭജിച്ചിരുന്നത്. കേസിൽ കാണിക്ക എണ്ണിയ ജീവനക്കാർക്ക് പുറമെ ഉയർന്ന ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുകയാണ്.

കഴിഞ്ഞ ദിവസം ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയായ ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ട്രസ്റ്റിമാരുടെ ബാങ്ക് വിവരങ്ങളും വരുമാന സ്രോതസ്സുകളും ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലങ്ങളായി അനിൽ മിശ്രയുടെയും ഗോപാൽ റാവുവിന്റെയും സ്വത്തുക്കളിൽ ഉണ്ടായ പെട്ടെന്നുള്ള വർദ്ധനവാണ് സംശയത്തിന് കാരണം. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളിലും ഭൂമി വാങ്ങലുകളിലും എസ്.ഐ.ടി അന്വേഷിക്കുന്നുണ്ട്.