ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കണം; പരിഹാസവുമായി അമിത് ഷാ

single-img
10 September 2022

പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ ജോഡോ യാത്ര നടത്തുന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര പോകുന്നതിനു മുൻപ് ഇന്ത്യയുടെ ചരിത്രം നന്നായി പഠിക്കണമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു.

വിദേശ നിർമ്മിതമായ ടീഷർട്ട് ധരിച്ചാണ് രാഹുലിന്റെ യാത്രയെന്നും രാജസ്ഥാനിലെ ജോധ്പൂരിൽ അമിത്ഷാ ആരോപിച്ചു. ‘ നേരത്തെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് രാഹുൽ ബാബയെയും കോൺഗ്രസുകാരെയും ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ എന്നത് ഒരു രാജ്യമല്ലെന്ന് രാഹുൽ പറഞ്ഞിരുന്നു. ഏത് പുസ്തകത്തിലാണ് താങ്കൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്”- അമിത് ഷാ പറഞ്ഞു.

രാഹുൽ ഗാന്ധി ഇപ്പോൾ ഭാരതത്തെ ഐക്യപ്പെടുത്താൻ യാത്രയിലാണ്. എന്നാൽ അദ്ദേഹം ഇന്ത്യൻ ചരിത്രം പഠിക്കേണ്ടതുണ്ടെന്നാണ് താൻ കരുതുന്നതെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള വികസനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നുംപ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മാത്രമേ കോൺ​ഗ്രസിന് സാധിക്കൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.