ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽ ഗാന്ധി പുലർത്തി വരുന്നത് : മന്ത്രി വി ശിവൻകുട്ടി

single-img
19 April 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ ജയിലിലടക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി ചോദ്യം ചെയ്തവരാണ് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും.

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഭൂരിപക്ഷ ഓഹരിയുള്ള നാഷണൽ ഹെറാൾഡ് ന്യൂസ് പേപ്പറിന്റെയും അനുബന്ധ കമ്പനികളുടെയും 752 കോടി രൂപയുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടിയത് കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിഎംഎൽഎ അതോറിറ്റി ശരിവെച്ചത് കഴിഞ്ഞ ആഴ്ചയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ഏജൻസിയായ ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും എന്താണെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് താങ്കൾ എന്തുകൊണ്ട് അറസ്റ്റിൽ ആയില്ല എന്ന് ചോദിക്കുന്നില്ല. അതല്ല ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാട്.

എന്നാൽ ഈ ചോദ്യം ഉന്നയിക്കുക വഴി അരവിന്ദ് കേജ്രിവാളിന്റെയും ഹേമന്ത്‌ സോറന്റെയും അറസ്റ്റിനെ രാഹുൽ ഗാന്ധി ശരിവെയ്ക്കുകയാണെന്ന് ശിവൻ കുട്ടി വ്യക്തമാക്കി. ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽ ഗാന്ധി പുലർത്തി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.