‘അയോഗ്യനാക്കപ്പെട്ട എംപി’; അയോഗ്യനാക്കിയതിനു പിന്നാലെ ട്വിറ്ററിൽ സ്റ്റാറ്റസ് മാറ്റി രാഹുൽ

single-img
26 March 2023

അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ട്വിറ്ററിൽ തന്റെ ബയോ സ്റ്റാറ്റസ് മാറ്റി രാഹുൽ ഗാന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നതിന് ശേഷം ‘അയോഗ്യനാക്കപ്പെട്ട എംപി’ എന്നാണ് നിലവിൽ രാഹുൽ ഗാന്ധി ട്വിറ്ററിൽ കൂട്ടിച്ചേർത്തത്.

അതേസമയം രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോൺഗ്രസ് നടത്താനിരുന്ന സത്യഗ്രഹത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലാണ് കോൺഗ്രസ് സത്യാഗരാഹം നടത്താൻ തീരുമാനിച്ചിരുന്നത്.

സത്യഗ്രഹത്തിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുകയും അണികൾ എത്തിച്ചേരുകയും ചെയ്തതിനു പിന്നാലെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാൽ പ്രതിഷേധങ്ങളെ നിഷേധിക്കുന്നത് മോദി സർക്കാറിന്‍റെ സ്ഥിരം ശൈലിയായി മാറിയിരിക്കുകയാണ്. സത്യഗ്രഹ സമരവുമായി മുന്നോട്ട് പോകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാർട്ടികളും സത്യഗ്രഹത്തിൽ പങ്കെടുക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിലെ സത്യഗ്രഹം ഗാന്ധി പ്രതിമയ്ക്ക് മുൻപിലോ, പ്രത്യേകം തയാറാക്കുന്ന ഗാന്ധി ഛായാചിത്രത്തിനു മുന്നിലോ ആയിരിക്കണമെന്നാണ് എഐസിസി നിർദേശം.