വിടവാങ്ങൽ മത്സരത്തിൽ റോജർ ഫെഡറർക്ക് ഡബിള്‍സ് പങ്കാളി റാഫേൽ നദാൽ

single-img
21 September 2022

വിരമിക്കൽ പ്രഖ്യാപിച്ച ലോക ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഈ വരുന്ന വെള്ളിയാഴ്ച നടക്കും. റോഡ് ലേവർകപ്പിൽ തന്റെ കരിയറിലെ ശക്തനായ എതിരാളിയായിരുന്ന റാഫേല്‍ നദാലിനൊപ്പം ഡബിൾസിൽ കളിച്ചാവും ഫെഡറർ വിടവാങ്ങുക.

ഇനിയും പരിക്കിൽ നിന്ന് പൂർണ മുക്തനാവാത്തതിനാൽ നാൽപത്തിയൊന്നുകാരനായ ഫെഡറർ ഇത്തവണ സിംഗിൾസിൽ കളിക്കില്ല. കോർട്ടിൽ നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് വീശാൻ കഴിയുന്നത് സ്വപ്നസാഫല്യമെന്ന് റോജര്‍ ഫെഡറർ വ്യക്തമാക്കിയിട്ടുണ്ട്.

റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറേ, സ്റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവര്‍ക്കൊപ്പം ടീം യൂറോപ്പിന്‍റെ താരമാണ് ഫെഡറർ. ബ്യോൺബോർഗാണ് ടീം ക്യാപ്റ്റൻ. വിരമിച്ചാൽ പിന്നെ മറ്റുപലരേയും പോലെയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും തനിക്ക് എല്ലാം തന്ന ടെന്നിസുമായി തുട‍ർന്നും ബന്ധപ്പെട്ട് നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫെഡറർ അറിയിച്ചിട്ടുമുണ്ട്.