ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍; വിവാദം
കേരളത്തിൽ ഇന്നാരംഭിച്ച ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ അടിച്ചത് കറുപ്പിന് പകരം ചുവന്ന മഷിയില്‍. ഒന്നാം വര്‍ഷ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറാണ് ചുവപ്പ് കളറില്‍ അടിച്ചു വിതരണം ചെയ്തത്. ഇതുവരെ സംസ്ഥാനത്തെ പൊതുപരീക്ഷകളുടെ ചോദ്യപേപ്പർ കറുപ്പ് മഷിയിലാണ് അച്ചടിക്കാറുള്ളത്. അധ്യാപക സംഘടനകളോട് ആലോചിക്കാതെ അതീവ രഹസ്യമായാണ് ചോദ്യപേപ്പറിലെ നിറംമാറ്റം നടപ്പിലാക്കിയത്.
മാത്രമല്ല, മന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇത് പരാമര്‍ശിച്ചിട്ടുമില്ല. സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളിലും ചോദ്യപേപ്പര്‍ ചുകപ്പ് ആക്കി മാറ്റിയത് അറിയിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുൻപായി ചോദ്യപേപ്പര്‍ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അധ്യാപകര്‍ തന്നെ നിറംമാറ്റം അറിയുന്നത്. അതേസമയം, പുതിയ നിറംമാറ്റം കുട്ടികളെ അക്ഷാര്‍ത്ഥത്തില്‍ വലച്ചു. വളരെ അവ്യക്തമായ രീതിയിലാണ് അച്ചടി നടന്നതും. അക്ഷരങ്ങള്‍ പേപ്പറില്‍ തെളിഞ്ഞു വന്നിട്ടുമില്ല.
പല സ്ഥലങ്ങളിലും കുട്ടികള്‍ ചോദ്യങ്ങള്‍ വായിക്കാന്‍ തന്നെ ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ . കണ്ണിനു നല്ലതും വായിക്കാന്‍ നല്ലതും വെളുത്ത പേപ്പറില്‍ കറുത്ത കളറില്‍ അച്ചടിക്കുന്നതാണ്. ലോകമാകെ അംഗീകരിച്ച രീതിയാണിത്. ആ രീതിയാണ് അധികൃതര്‍ തെറ്റിച്ചത്. മൂന്നു ശതമാനം കുട്ടികള്‍ കളര്‍ ബ്ലൈന്‍ഡ്നസ് ഉള്ളവരാണ്. ഈ കുട്ടികള്‍ക്ക് ഇതെങ്ങനെ വായിക്കാന്‍ കഴിയും എന്ന ചോദ്യത്തിനു ഉത്തരവുമില്ല.
കേരളത്തിൽ കഴിഞ്ഞ 32 വര്‍ഷമായി കുട്ടികള്‍ക്ക് ഒരു പ്രശ്നവും വന്നിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇത്തവണ മാത്രം പ്രശ്നം വന്നു എന്ന ചോദ്യമാണ് അധ്യാപക സംഘടനകള്‍ ഉയര്‍ത്തുന്നത്. ചോദ്യപേപ്പര്‍ പ്രശ്നത്തില്‍ രക്ഷിതാക്കളും കടുത്ത പ്രതിഷേധത്തില്‍ തന്നെയാണ്. ചുകപ്പിനോടുള്ള സ്നേഹം കാണിച്ചപ്പോള്‍ വഞ്ചിച്ചത് കുട്ടികളെയാണ് എന്ന അഭിപ്രായമാണ് രക്ഷിതാക്കള്‍ക്കുള്ളത്.
അതേസമയം, വിചിത്രമായ വിശദീകരണമാണ് ഹയര്‍സെക്കന്‍ഡറി ഡയരക്ടറെറ്റ് നൽകിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു . ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഇക്കുറി ഒരുമിച്ചാണ് നടക്കുന്നത്. അപ്പോള്‍ ചോദ്യപേപ്പര്‍ മാറിപ്പോകരൂത്. ഒരു വര്‍ഷത്തേത് കറുപ്പും ഒരു വര്‍ഷത്തേത് ചുകപ്പുമാക്കി. ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചുകപ്പ് കളറില്‍ അടിച്ച് നല്‍കി-ഹയര്‍സെക്കന്‍ഡറി ഡയറക്ടറെറ്റ് പറയുന്നു.