സിപിഎം ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല: ആര്യാടൻ ഷൗക്കത്ത്

single-img
6 November 2023

സിപിഎം മുന്നോട്ടുവെച്ച ക്ഷണം നിരസിച്ച് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. താൻ നൽകിയ വിശദീകരണം കോൺ​ഗ്രസ് പാർട്ടി ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സിപി എമ്മിലേക്ക് അങ്ങനെ പോകാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടിയുടെ പതാകയാണ് എന്നെ പുതപ്പിക്കേണ്ടതെന്ന് പിതാവ് പറഞ്ഞിരുന്നു. അതേ ആഗ്രഹമുള്ള ആളാണ് ഞാൻ. സിപിഎം ക്ഷണിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തന്നെ പ്രസക്തിയില്ല. പാർട്ടിയുടെ തീരുമാനം വേഗത്തിൽ വേണം. അത് നീട്ടിക്കൊണ്ട് പോകരുത്. താൻ തെറ്റ് ചെയ്തിട്ടില്ല. ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസിയുടെ അച്ചടക്ക സമിതി യോഗത്തിൽ ആര്യാടൻ ഷൗക്കത്ത് വിശദമായി കാര്യങ്ങൾ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചിട്ടുണ്ട്. എട്ടാം തീയതി വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനിക്കും.

നിലവിൽ ഷൗക്കത്ത് ഒരു കത്ത് നൽകിയിട്ടുണ്ട്. അത് സമിതി ഫയലിൽ സ്വീകരിച്ചു. സിപി എം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവർക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി ഐ എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവർ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് പോയ കെ വി തോമസിന്റെ അവസ്ഥ അറിയാമല്ലോയെന്നും തിരുവഞ്ചൂർ പരിഹസിച്ചു.