പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
8 August 2023

സംസ്ഥാനത്തെ ഇടതുമുന്നണിയുടെ വികസനപ്രക്രിയയെ അട്ടിമറിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്ന വളരെ ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണം പുതുപ്പള്ളിയിൽ നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രതിപക്ഷ നടപടികളെ നല്ലപോലെ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാകും പുതുപ്പള്ളിയിലേത്. രാഷ്ട്രീയമാണ് കാര്യം, സഹതാപമല്ല. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേവലാതിയുമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

അതേസമയം പുതുപ്പള്ളി രാഷ്ട്രീയമായി എൽ ഡി എഫിന് അനുകൂലമായ മണ്ഡലമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ ആറ് പഞ്ചായത്തും എല്‍ഡിഎഫിനൊപ്പമാണ്. വലിയ രാഷ്ട്രീയ അടിത്തറ ഉണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന തെരഞ്ഞടുപ്പില്‍ സഹതാപതരംഗം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കോട്ടയം ഇടതുമുന്നണിക്കൊപ്പമായിരുന്നെന്ന് ഓര്‍ക്കണമെന്ന് വാസവന്‍ കൂട്ടിച്ചേർത്തു.

അടുത്തമാസം അഞ്ചിനാണ് പുതുപ്പള്ളിയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. ഇപ്പോഴുള്ള എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്.