തദ്ദേശ തെരെഞ്ഞടുപ്പ് നടക്കുന്ന ദിവങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരെഞ്ഞടുപ്പ് നടക്കുന്ന ദിവങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന രണ്ടു ദിവസങ്ങളിലും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധി ആയിരിക്കും. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധിയാണ് നിർബന്ധമാക്കിയിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 ദിവസങ്ങളിലാണ് അവധി. ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചു.
രണ്ടുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജില്ലാടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് അവധി. രണ്ടാഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകള്‍ക്കുമാണ് അവധി.
ഇതുകൂടാതെ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വോട്ടര്‍ ആണെന്ന രേഖ സമര്‍പ്പിച്ചാല്‍ മതി.
സ്വന്തം നാട്ടിലാണ് വോട്ട് രേഖപ്പെടുത്തേണ്ടതെങ്കില്‍ അവധി ഇല്ലാത്ത ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് മറ്റേദിവസത്തെ ഏതെങ്കിലും അവധി ഉപയോഗപ്പെടുത്താവുന്നതാണ്. (കാഷ്വൽ ലീവും Earned Leave-ഉം Commuted Leave-ഉം ഒഴികെ) ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് അവധി എടുക്കാം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സ്വകാര്യമേഖലയിലുള്ളവര്‍ക്കും വേതനത്തോട് കൂടി അവധി നേരത്തെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യമേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമ്മതിദായകര്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ പറഞ്ഞു.


