പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ മല്‍സരിച്ചാല്‍ ഉറപ്പായും ജയിക്കും: ശിവസേന

single-img
14 August 2023

2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നരേന്ദ്ര മോദി സര്‍ക്കാരിനേയും ബിജെപിയേയും പൊതുശത്രുവായി പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി തങ്ങളാലാകുന്ന എല്ലാ തന്ത്രവും രാഗി മിനുക്കിയെടുക്കുകയാണ് പ്റതിപക്ഷ മഹാ സഖ്യം. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് കിട്ടിയ ജനപിന്തുണയും സ്വീകരണവും രാഹുലിന്റെ അയോഗ്യതയില്‍ സുപ്രീം കോടതി ഇടപെടലിലൂടെ ഉണ്ടായ മാറ്റവും കോണ്‍ഗ്രസിനെ വീണ്ടും പ്രതിപക്ഷത്തെ നായകത്വത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

രാജ്യമാകെ പടര്‍ന്നു കിടക്കുന്ന മുത്തശ്ശി പാര്‍ട്ടിക്ക് ഇനിയും ഒന്നല്ല ഒട്ടനവധി അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രതിപക്ഷ സഖ്യം കരുതുന്നു. അതാണ് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റൗത്ത് പ്രിയങ്ക ഗാന്ധി വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മല്‍സരിച്ചാല്‍ ഉറപ്പായും ജയിക്കുമെന്ന് പറയുന്നതിന് പിന്നില്‍.

കോണ്‍ഗ്രസിന്റെ നെഹ്‌റു തറവാട്ടിലെ ഇളമുറക്കാരി രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരായി മല്‍സരിക്കാന്‍ തയ്യാറാകണമെന്ന പ്രതിപക്ഷ സഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയുടെ ആഗ്രഹം കൂടിയാണ് ഇതിലൂടെ പുറത്തേക്ക് വരുന്നത്. മഹാരാഷ്ട്രയില്‍ തങ്ങളെ പിളര്‍ത്തി രണ്ടാക്കിയ ബിജെപിയെ ഏത് വിധേനേയും അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ഉദ്ദവ് താക്കറെ വിഭാഗം.