വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചു;ജീവനക്കാര്‍ പ്രേമനനെ മര്‍ദിച്ചിട്ടില്ല തള്ളി മാറ്റുക മാത്രമാണ് ചെയ്തത്

single-img
28 September 2022

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനേയും മകളേയും മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരെ ന്യായീകരിച്ച്‌ സിഐടിയു.

ജീവനക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് സിഐടിയു നേതാവ് സി കെ ഹരികൃഷ്ണന്‍ പറഞ്ഞു. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെങ്കിലും ജീവനക്കാര്‍ പ്രേമനനെ മര്‍ദിച്ചിട്ടില്ലെന്നും സികെ ഹരികൃഷ്ണന്‍ അവകാശപ്പെട്ടു.

പ്രേമനനെ തള്ളിമാറ്റുക മാത്രമാണ് ചെയ്ത്. എന്നാല്‍ അതുപോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു. വനിതാ ജീവനക്കാരോട് പ്രേമനന്‍ അപമര്യാദയായി സംസാരിച്ചെന്നും ഹരികൃഷ്ണന്‍ ആരോപിച്ചു. ജീവനക്കാര്‍ക്കെതിരെ കെഎസ്‌ആര്‍ടിസി എടുത്ത നടപടി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഒരു ജീവനക്കാരനെക്കൂടി കെഎസ്‌ആര്‍ടിസി സസ്‌പെന്റ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ് അജികുമാറിനെയാണ് സസ്പെന്റ് ചെയ്തത്. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സെപ്റ്റംബര്‍ 20നായിരുന്നു വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നിഷേധിച്ചതു ചോദ്യം ചെയ്ത പ്രേമനനെ മകളുടെ മുന്നില്‍ വെച്ച്‌ മര്‍ദിച്ചു എന്നാണ് കേസ്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഷയത്തില്‍ നേരത്തെ നാല് ജീവനക്കാരെ കെഎസ്‌ആര്‍ടിസി സസ്പെന്റ് ചെയ്തിരുന്നു.