‘പൊങ്കാലയര്‍പ്പിച്ചത് ഭക്തിയോടെ, ഭക്തരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്: അന്ന രാജന്‍

single-img
5 March 2026

ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് മൂന്നിനാണ് നടന്നത്. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയത്. അതില്‍ മലയാള സിനിമാ- സീരിയല്‍ താരങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അന്ന രേഷ്‌മ രാജനും പൊങ്കാലയര്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.

ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്‌തതാണ്. ഇതിന് പിന്നാലെ നടിയുടെ വസ്‌ത്രധാരണത്തെ കുറിച്ച് വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിവിധ ആംഗിളുകളില്‍ നിന്ന് യൂട്യൂബേഴ്‌സും മറ്റും പകര്‍ത്തിയ നടിയുടെ ചിത്രങ്ങളാണ് വിമര്‍ശനത്തിനിടയാക്കിയത്. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അന്ന രേഷ്‌മ രാജന്‍.

തന്‍റെ ഭക്തിയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ ഒരുപാട് വിഷമം തോന്നി. തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി പ്രതികരണം അറിയിച്ചത്. ഇതോടൊപ്പം താരം മാപ്പ് പറയുകയും ചെയ്‌തു. തന്‍റെ വസ്‌ത്രധാരണമോ, ഭാവങ്ങളോ മറ്റേതെന്തെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്നുവെന്നും നടി കുറിച്ചു.

അന്ന രേഷ്‌മ രാജന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

കൂപ്പുകൈകളോടെ, നിറഞ്ഞ കണ്ണുമായി,

എന്‍റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ആറ്റുകാല്‍ അമ്മയുടെ തിരുനടയില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയത്. കൊടും ചൂടിലും വിറകടുപ്പിന് മുന്നിലിരുന്ന് അമ്മയുടെ നാമങ്ങള്‍ ഉരുവിട്ട് ശുദ്ധമായ ഭക്തിയോടെയാണ് ഞാന്‍ അവിടെ നിന്നത്.

ആ പരിശുദ്ധമായ നിമിഷങ്ങള്‍ക്കിടയില്‍, നിര്‍ഭാഗ്യവശാല്‍ ചില അനാവശ്യ വീഡിയോകളും ക്ലിപ്പുകളും പകര്‍ത്തുകയും പ്രചരിപ്പിക്കുകയുമുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചുറ്റുമുള്ള എല്ലാവരേയും ഞാന്‍ ആദരിക്കുകയും വിശ്വസിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആ ദിവസത്തെ എന്‍റെ ഭക്തിയെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന രീതിയില്‍ ചില ദൃശ്യങ്ങള്‍ എടുത്തുകാട്ടി പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് വിഷമം തോന്നി.

എന്‍റെ സാരിയോ, ഭാവങ്ങളോ മറ്റെന്തെങ്കിലുമോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ അറിഞ്ഞോ അറിയാതെയോ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ ആത്മാര്‍ഥമായി മാപ്പപേക്ഷിക്കുന്നു. അങ്ങനെ ചെയ്യണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

അമ്മയ്ക്ക് എന്‍റെ മനസറിയാം. ആ ചിരിക്ക് പിന്നിലെ പ്രാര്‍ഥനയും വെയിലില്‍ സഹിച്ച ബുദ്ധിമുട്ടുകളും ആത്മാര്‍ഥതയും അമ്മ കാണുന്നുണ്ട്. എനിക്ക് ആ സത്യം മാത്രം മതി. എല്ലാം ആറ്റുകാല്‍ അമ്മയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് അമ്മയുടെ എളിയ ഭക്തയായി ഞാന്‍ എന്നും നിലകൊള്ളും”,അന്ന രേഷ്മ രാജന്‍ കുറിച്ചു.