കേരളത്തിലെ മുന്നണികൾ മുസ്ലിം ലീഗ് എന്ന വർഗ്ഗീയ സംഘടനയെ അനാവശ്യമായി താലോലിക്കുകയാണ്: വെള്ളാപ്പള്ളി നടേശൻ

single-img
17 June 2026

തന്നെ വ്യക്തിപരമായി തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നവർക്കും മാധ്യമങ്ങൾക്കും എതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ലെന്നും എന്നാൽ എസ്.എൻ.ഡി.പി യോഗത്തിനെതിരെ ആരെങ്കിലും വാളോങ്ങിയാൽ മൗനം പാലിക്കാൻ തനിക്കാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിനാണ് ഇപ്പോൾ തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നതെന്നും ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയായിരുന്നു വെള്ളാപ്പള്ളിയുടെ ശക്തമായ പ്രതികരണം.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ മുന്നണികൾക്ക് എതിരെയും മുസ്ലിം ലീഗിനെതിരെയും വെള്ളാപ്പള്ളി നടേശൻ ലേഖനത്തിൽ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. മുന്നണികൾ മുസ്ലിം ലീഗ് എന്ന വർഗ്ഗീയ സംഘടനയെ അനാവശ്യമായി താലോലിക്കുകയാണ്. ലീഗ് എപ്പോഴും ചിന്തിക്കുന്നത് വർഗ്ഗീയമായി മാത്രമാണ്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളിലെയും വിവിധ സർക്കാർ വകുപ്പുകളിലെയും ഉദ്യോഗസ്ഥ നിയമനങ്ങൾ പരിശോധിച്ചാൽ ഈ പറയുന്ന കാര്യങ്ങളിലെ സത്യാവസ്ഥ ആർക്കും ബോധ്യപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നേക്കാൾ നന്നായി കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കിയ മറ്റാരെങ്കിലും ഇന്ന് പൊതുരംഗത്തുണ്ടോ എന്ന് സംശയമാണെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.

തനിക്കെതിരെ ഉയർന്നുവന്ന വിവിധ കേസുകളെക്കുറിച്ചുള്ള വസ്തുതകളും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ നിരത്തി. വോട്ടർ പട്ടിക കേസ്, തിരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്.എൻ ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ആത്മഹത്യ കേസ് തുടങ്ങി ഒരു കേസിലും ഇതുവരെ തനിക്കെതിരെ വിധിയില്ല. നിരവധി കേസുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ച് എസ്എന്‍ഡിപി യോഗം നടത്തുണ്ട്. എന്നാൽ ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും കേസ് തോൽക്കുമ്പോൾ ഇവർ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.