‘സ്വകാര്യ നിമിഷങ്ങൾ ക്യാമറയിൽ പകർത്തിയാൽ ’; ഓൺലൈൻ പാപ്പരാസികൾക്ക് നിയമനടപടി മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ

single-img
16 June 2026

സ്വകാര്യത ലംഘിച്ച് വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഓൺലൈൻ പാപ്പരാസികൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഫാത്തിമ തെഹ്ലിയ എംഎൽഎ രംഗത്ത്. വ്യക്തിപരമായ സംഭാഷണങ്ങളും സ്വകാര്യ ഇടപെടലുകളും വ്യക്തിജീവിതത്തിലെ നിമിഷങ്ങളും അനുമതിയില്ലാതെ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എംഎൽഎ വ്യക്തമാക്കി.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചത്. ഇത്തരം പ്രവർത്തനങ്ങൾ ഗുരുതരമായ സ്വകാര്യതാ ലംഘനമാണെന്നും വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടി.സ്വകാര്യതയെ മാനിക്കാതെ ചിത്രീകരണവും പ്രചരണവും തുടരുകയാണെങ്കിൽ നിയമപരമായ നടപടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.

പൊതുപ്രവർത്തകരാണെന്ന കാരണത്താൽ വ്യക്തിജീവിതം പൂർണമായും പൊതുസ്വത്താകുന്നില്ലെന്നും സ്വകാര്യതയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.