കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക; മുല്ലപ്പെരിയാറിൽ നിലപാട് വീണ്ടും വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

single-img
16 June 2026

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് വീണ്ടും വ്യക്തമാക്കി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വീകരിച്ചിരുന്ന നിലപാടിൽ തന്നെ ഇപ്പോഴും സർക്കാർ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.“കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന് ആവശ്യമായ വെള്ളവും ഉറപ്പാക്കുക” എന്നതാണ് സംസ്ഥാനത്തിന്റെ സ്ഥിരമായ നയമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.

ഈ വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.മുല്ലപ്പെരിയാർ പ്രശ്നം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെങ്കിലും, കോടതിക്ക് പുറത്തുള്ള ചർച്ചകളിലൂടെ ഇരുപക്ഷത്തിനും അംഗീകരിക്കാവുന്ന പരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ കേരള സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനായി കേരളത്തിന്റെയും തമിഴ്‌നാടിന്റെയും മുഖ്യമന്ത്രിമാരും ജലവിഭവ മന്ത്രിമാരും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടത്താൻ ശ്രമം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ബജറ്റിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് വിഷയം വിശദമായി വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, മുല്ലപ്പെരിയാറിൽ നിന്ന് അധികമായി ഒഴുകുന്ന വെള്ളം തമിഴ്‌നാടിന് നൽകണമെന്ന കമ്പം എംഎൽഎയുടെ പ്രസ്താവന തള്ളിയ മന്ത്രി, ഇത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അടിസ്ഥാനപരമായ ധാരണയില്ലാത്തതിനാലാവാം ഇത്തരം അഭിപ്രായങ്ങൾ വന്നതെന്നും പ്രതികരിച്ചു.