ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ; ‘പോറ്റിയെ കേറ്റിയെ’ പാരഡിയിൽ കേസെടുത്ത് പൊലീസ്‌

single-img
17 December 2025

‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി ഗാനവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗാനരചയിതാവ് ഉൾപ്പെടെ കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതും രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർധ ഉണ്ടാക്കിയതുമാണ് ആരോപണം.

ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും, എഫ്‌ഐആറിൽ കുഞ്ഞുപിള്ള എന്ന പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയെ പരാമർശിക്കുന്ന വരികൾ ഉൾപ്പെട്ട പാരഡി ഗാനത്തിനെതിരെ നടപടി സ്വീകരിക്കാമെന്ന് നേരത്തെ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. സൈബർ ഓപ്പറേഷൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. ഗാനവരികളിൽ മതവിദ്വേഷം ഉണർത്തുന്ന പരാമർശങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി രവാഡ ചന്ദ്രശേഖറിന് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും, അത് ഭക്തരുടെ വികാരങ്ങൾക്ക് വേദന ഉണ്ടാക്കിയെന്നും പരാതിയിൽ ആരോപിക്കുന്നു.