കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താന്‍ പൊലീസ് നീക്കം

single-img
17 February 2023

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ നാടുകടത്താന്‍ പൊലീസ് നീക്കം . ഇതിന് മുന്നോടിയായി ആകാശ് ഉള്‍പെട്ട കേസുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ഇതിനിടെ പരാതി നല്‍കിയ DYFI വനിതാ നേതാവിനെതിരെ ആകാശ് തില്ലങ്കേരി ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് . ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ശ്രീലക്ഷ്മിയെ അധിക്ഷേപിക്കുന്നത്. അതേസമയം ടവര്‍ ലൊക്കേഷന്‍ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും ആകാശിനെ കണ്ടെത്താനാകുന്നില്ലെന്നാണ് പേരാവൂര്‍ DYSPയുടെ വിശദീകരണം.

അതേസമയം ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.. ആകാശിന് സമൂഹമാധ്യമങ്ങളിലൂടെ ഒരു മറുപടിയും പറയേണ്ടതില്ല. ക്വട്ടേഷന്‍ സംഘത്തെ നിയമപരമായി ഇല്ലാതാക്കാമെന്നും പാര്‍ട്ടി അണികളെ അറിയിച്ചിട്ടുണ്ട്.

സിപിഎമ്മിനെ വെട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി. ‘എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിര്‍ണായക വിവരങ്ങള്‍ തുറന്നെഴുതിയത്.

എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച്‌ പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും” ആകാശ് തുറന്നടിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മില്‍ ഫേസ് ബുക്കിലൂടെ വാക്ക് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് ഷാജര്‍, ആകാശിന് ട്രോഫി നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടര്‍ന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂര്‍വ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകള്‍ നടത്തിയത്. പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകള്‍ വാര്‍ത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമര്‍ശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.

വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാര്‍ട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാര്‍ട്ടി ഇടപെടണമെന്ന് ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം.