പ്രധാനമന്ത്രി കേരളത്തിൽ വന്ന് വർഗീയത വിളമ്പുകയാണ്: കെ.സി. വേണുഗോപാൽ

single-img
23 January 2026

കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. കേരളത്തിൽ എത്തിയ പ്രധാനമന്ത്രി വർഗീയതയാണ് വിളമ്പുന്നതെന്നും, യുപിയിലും ബിഹാറിലും നടത്തുന്ന രീതിയിലുള്ള പ്രസംഗങ്ങളാണ് കേരളത്തിലും നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഇതിന് കൃത്യമായ മറുപടി കേരള ജനത നൽകുമെന്നും, അങ്ങാടിപ്പുറം ക്ഷേത്രത്തിൽ തീപിടിച്ചപ്പോൾ വെള്ളം കോരി തീ അണച്ചവരാണ് ലീഗുകാരെന്നും വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം നടക്കുന്നത്.

അതേസമയം, മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. കോൺഗ്രസിനും യുഡിഎഫിനും സർട്ടിഫിക്കറ്റ് വേണ്ടെന്നും, ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ട മുഴുവൻ വർഗീയത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ ഇത് വ്യക്തമായതായും, വികസന നേട്ടങ്ങൾ പറയാൻ ബിജെപിക്കില്ലെന്നും സതീശൻ വിമർശിച്ചു.

മതേതരത്വം സംരക്ഷിക്കുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും, അത് കാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.