1977-ൽ ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച് നിയമസഭയിലെത്തിയ എംഎൽഎയാണ് പിണറായി വിജയൻ: വിഡി സതീശൻ

തനിക്കെതിരെ ആർഎസ്എസ് ബന്ധം ആരോപിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. 1977-ൽ ആർഎസ്എസ് പിന്തുണയോടെ മത്സരിച്ച് നിയമസഭയിലെത്തിയ എംഎൽഎയാണ് പിണറായി വിജയനെന്നും മുഖ്യമന്ത്രി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്‍റാണെന്നും പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു.
ആർഎസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതിൽ കോൺഗ്രസിന് പങ്കില്ലെന്നുമുള്ള പിണറായി വിജയന്‍റെ പ്രസ്താവന ചരിത്രമറിയുന്ന കേരളജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സിപിഎം ആര്‍എസ്‌എസ് ബന്ധം തെളിയിക്കുന്ന ചില ചിത്രങ്ങളോടെയാണ് സതീശന്‍റെ പോസ്റ്റ്
1977-ൽ ഉദുമയിലെ സിപിഎം-ആർഎസ്എസ് സംയുക്ത സ്ഥാനാർത്ഥിയായിരുന്നില്ലേ ആർഎസ്എസ് നേതാവ് കെ.ജി. മാരാർ എന്ന ചോദ്യവും കുറിപ്പിൽ ഉയർത്തുന്നുണ്ട്. അതേ കെ.ജി. മാരാർ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നത് മറക്കരുത്.
പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർത്ഥി ശിവദാസമേനോന്‍റെ പ്രചാരണ പരിപാടിയിൽ മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനി പങ്കെടുത്തത് പിണറായി വിജയൻ നിഷേധിക്കുമോ? 1989-ൽ കോൺഗ്രസിനെ അട്ടിമറിക്കാൻ വി.പി. സിംഗിന് പിന്തുണ നൽകിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്‌പേയിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണ് ആർഎസ്എസിനോട് സന്ധി ചെയ്തിട്ടില്ലെന്ന് പിണറായി വിജയൻ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം-ബിജെപി സഖ്യം കേരളത്തിലുണ്ടായിരുന്നെന്ന വെളിപ്പെടുത്തൽ നടത്തിയത് ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസറിന്‍റെ’ മുൻ എഡിറ്റർ ബാലശങ്കറാണ്. ആ സഖ്യത്തിന്‍റെ കാരണഭൂതൻ പിണറായി വിജയനാണെന്നും വി.ഡി. സതീശനല്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി ആർഎസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്‍റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയതും, എഡിജിപിയെ ആർഎസ്എസ് നേതാക്കളുടെ അടുത്തേക്ക് ദൂതുമായി അയച്ചതും, തൃശൂർ പൂരം കലക്കി ബിജെപിയെ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും അട്ടിമറിച്ചതും പിണറായി വിജയനാണെന്നും സതീശൻ ആരോപിച്ചു.


