ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്: കെ സുരേന്ദ്രൻ

single-img
28 January 2023

സാമ്പത്തികമായി കേരളം തകർന്ന സാഹചര്യത്തിൽ ധവളപത്രമിറക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ ജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണ്.

സാമ്പത്തികമായി തകർന്ന ശ്രീലങ്കയുടേയും പാക്കിസ്ഥാന്റെയും പാതയിലാണ് പിണറായി സർക്കാർ കേരളത്തെയും കൊണ്ടുപോകുന്നത്. യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ അടുത്ത മാസം ഒന്നാം തിയ്യതി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്റെ കൈമുതൽ. കേരളത്തെ പിണറായി സർക്കാർ സമ്പൂർണമായ തകർച്ചയിലേക്ക് നയിക്കുകയാണ്. ലോട്ടറിയും മദ്യവുമല്ലാതെ സംസ്ഥാനത്തിന് മറ്റു വരുമാന മാർ​ഗമില്ല. കേരളത്തിന്റെ താത്പര്യമല്ല മറിച്ച് സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയൻ കെവി തോമസിനെ ഡൽഹിയിൽ നിയമിക്കുന്നതെന്നും അനാവശ്യമായ ധൂർത്തിലൂടെ തലമറന്ന് എണ്ണതേക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കേരളീയർ പട്ടിണിയിലാവാത്തത് മോദി സർക്കാർ കേന്ദ്രം ഭരിക്കുന്നത് കൊണ്ട് മാത്രമാണ്. വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.