അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിന് : രമേശ് ചെന്നിത്തല

single-img
8 April 2026

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തി. ഹരിപ്പാട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പ്രളയം, കർഷക പ്രശ്നങ്ങൾ, രാഷ്ട്രീയ വിവാദങ്ങൾ എന്നിവയിൽ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

2018-ലെ കേരളത്തിലെ മഹാപ്രളയം മനുഷ്യനിർമിതമായിരുന്നു എന്ന തന്റെ മുൻപത്തെ നിലപാട് ശരിയാണെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. അശാസ്ത്രീയമായ ഡാം മാനേജ്‌മെന്റിലൂടെ കേരളത്തെ പ്രളയത്തിൽ മുക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്തം പിണറായി സർക്കാരിനാണെന്നും അദ്ദേഹം ആരോപിച്ചു.

ജി. സുധാകരനെതിരെയുള്ള പരാമർശങ്ങളെക്കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. മുല്ലപ്പൂ എല്ലാവരും ചൂടുമെന്നും അതൊരു മോശം പരാമർശമല്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ അമ്പലപ്പുഴയിൽ വിജയിക്കുമെന്ന് ഉറപ്പായതിനാലാണ് സി.പി.എം അപവാദപ്രചാരണം നടത്തുന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മോശം പദങ്ങൾ ഉപയോഗിച്ച് വിളിച്ചിട്ടുണ്ടെന്നും എന്നാൽ സുധാകരൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇടതുമുന്നണിയുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ മലയോര മേഖലകളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. വനാതിർത്തിയിൽ ബഫർസോൺ ഏർപ്പെടുത്തുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കർഷകരെ വഞ്ചിക്കുന്നതാണ്. ജനരോഷം ഭയന്നാണ് ഇപ്പോൾ അവർ പ്രകടനപത്രിക തിരുത്താൻ ശ്രമിക്കുന്നത്. വൈക്കത്ത് സി.പി.ഐ ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്നും, കർഷകരെ മരണത്തിലേക്ക് തള്ളിവിടുന്ന കൃഷിമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.