പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയല്ലെന്ന് പൊലീസ്

single-img
3 April 2023

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന. പൊലീസിന് ലഭിച്ച വിവരം അനുസരിച്ചു ഇയ്യാൾ കാപ്പാട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി എന്ന് സംശയിച്ചിരുന്നു ആളുടെ കയ്യിൽ ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

അതേസമയം ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീ കൊളുത്തിയിട്ട് 15 മണിക്കൂർ കഴിഞ്ഞു. ഇതുവരെയും പൊലീസിന് പ്രതിയെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ചുവന്ന ഷർട്ടും,തൊപ്പിയും വച്ചയാളാണ് അക്രമണം നടത്തിയതെന്ന് നേരത്തെ ദൃക്സാക്ഷി പൊലീസിന് മൊഴി നൽകിയിരുന്നു. ഓടുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം ട്രെയിൻ നിർത്തിയ സമയത്ത് അക്രമി പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു.

ട്രെയിൻ യാത്രയ്ക്കിടെ യുവാവ് കോച്ചിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവം ആസൂത്രിതമെന്നാണ് പൊലീസിന്റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. ഫൊറൻസിക്, ഫിംഗർ പ്രിന്റ് പരിശോധന പൂർത്തിയായി. ഉത്തർപ്രദേശ് സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം.