നടിക്ക് നേരെ രഞ്ജിത്ത് അതിക്രമം കാട്ടിയ വിവരം ഷൂട്ടിംഗ് സെറ്റിലുള്ളവർ അറിഞ്ഞിരുന്നു; യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്ന് കണക്ക് കൂട്ടി

യുവ നടി നൽകിയ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്. സംഭവം നടന്ന ദിവസം നടിക്കു നേരെ രഞ്ജിത്ത് അതിക്രമം കാട്ടിയ വിവരം ഷൂട്ടിംഗ് സെറ്റിലുള്ളവർ അറിഞ്ഞതായി പൊലീസ് കണ്ടെത്തി. യുവനടി ആയതിനാൽ പരാതിയുമായി മുന്നോട്ട് പോകില്ലെന്നാണ് സംവിധായകൻ രഞ്ജിത്ത് കണക്ക് കൂട്ടിയത്. എന്നാൽ ഈ കണക്കുകൂട്ടലുകൾ തെറ്റിച്ച് നടി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.
യുവനടിയുടെ പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷക്കുള്ള നീക്കങ്ങൾ നടക്കുന്നതിനിടെയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസിൻ്റെ നിർണായകനീക്കം ഉണ്ടായത്.പീഡന പരാതിയിൽ പൊലീസ് നടപടിയെ പറ്റി കഴിഞ്ഞ ദിവസങ്ങളിൽ രഞ്ജിത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസിൻ്റെ നടപടി വേഗത്തിൽ ആയതോടെ രഞ്ജിത്തിനോട് അഭിഭാഷകർ ഒളിവിൽ പോകാൻ നിർദേശം നൽകി. തുടർന്നാണ് സ്വന്തം വാഹനം ഉപേക്ഷിച്ചു സഹപ്രവർത്തകനൊപ്പം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയത്.
നടിയുടെ പരാതി ലഭിച്ച ശേഷവും പൊലീസ് എല്ലാ വശങ്ങളും പരിശോധിച്ചിരുന്നു. പറഞ്ഞ റോൾ നൽകാത്തതിൻ്റെ പ്രശ്നങ്ങൾ രഞ്ജിത്തും നടിയും തമ്മിൽ ഉണ്ടോ എന്ന് പരിശോധിച്ചു. സിനിമയിൽ പ്രധാന സ്ത്രീ കഥാപാത്രം തന്നെ ആയിരുന്നു നടിക്ക് നൽകിയത്. സിനിമയിൽ നടിയുടെ റോളും ഏകദേശം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അതിനാൽ വ്യാജ ആരോപണത്തിനുള്ള സാധ്യത പൊലീസ് പരിശോധിച്ച ശേഷം തള്ളുകയായിരുന്നു.


