ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്: കെ സുരേന്ദ്രൻ

single-img
6 November 2023

കേരളത്തിലെ ജനങ്ങൾ അനുവഭിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ ഭരണ-പ്രതിപക്ഷം വർഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വൈദ്യുതി ചാർജ് വർദ്ധന ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്.

കെഎസ്ഇബി വരുത്തിവെച്ച കടംവീട്ടാൻ സർക്കാർ പൊതുജനങ്ങളുടെ മേൽ കുതിരകയറുകയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും റെക്കോർഡ് വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് പോലും പണം കൊടുക്കാത്ത സർക്കാർ 5,000 കോടിരൂപയുടെ അധികഭാരമാണ് ഈ ബജറ്റിലൂടെ പൊതുജനങ്ങളുടെ മേൽ കെട്ടിവെച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

നിലവിൽ ജനങ്ങൾക്ക് ജീവിക്കാൻ മാർഗമില്ലാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. അങ്ങനെയൊരു സാഹചര്യത്തിൽ കോടിക്കണക്കിന് രൂപ പൊടിച്ച് ധൂർത്ത് നടത്തുകയാണ് സർക്കാർ ചെയ്യുന്നത്. 10 ശതമാനത്തോളമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. പിണറായി സർക്കാരിനെ കൊണ്ട് മലയാളികൾ പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ഇസ്രേയൽ-ഹമാസ് സംഘർഷത്തെ ഉപയോഗിച്ച് പ്രധാന വിഷയങ്ങൾ മറയ്ക്കാൻ സിപിഎം ശ്രമിക്കുന്നത്. അഖിലേന്ത്യാതലത്തിൽ ഐഎൻഡി മുന്നണിയുടെ ഭാഗമായ സിപിഎമ്മിനെ രക്ഷിക്കാനാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസ് ശ്രമിക്കുന്നത്.

കേരളത്തിലെ ഇടത് ഭരണത്തെ നിലനിർത്തേണ്ടത് രാഹുൽഗാന്ധിയുടെ കൂടി ബാധ്യതയാണ്. കേരളത്തിലെ മുസ്ലിംങ്ങളെ ഒരു തരത്തിലും ബാധിക്കാത്ത പാലസ്തീൻ വിഷയം കത്തിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാമെന്നാണ് സിപിഎം കരുതുന്നത്