ഏഴാം ക്ലാസുമുതൽ പെണ്ണ് കാണാൻ ആളുകൾ വീട്ടിൽ വരുന്നുണ്ട്; അനുമോൾ പറയുന്നു

single-img
1 March 2023

മലയാളികളുടെ പ്രിയപ്പെട്ട നടി അനുമോൾ മിനിസ്‌ക്രീൻ അവതാരകയായി കരിയർ തുടങ്ങി പിന്നീട് അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു. ഇവൻ മേഘരൂപൻ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. അകം, വെടിവഴിപാട്, ചായില്യം, ഞാൻ, അമീബ, പ്രേമസൂത്രം, ഉടലാഴം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടി ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖം ശ്രദ്ധേയമാവുകയാണ് . ഈ അഭിമുഖത്തിൽ ഏഴാം ക്ലാസുമുതൽ തന്നെ പെണ്ണ് കാണാൻ ആളുകൾ വീട്ടിൽ വരുന്നുണ്ടെന്ന് താരം പറഞ്ഞു. തന്റെ വീട്ടിൽ പെൺകുട്ടികൾ മാത്രം ഉള്ളത് കൊണ്ടും അച്ഛനില്ലാത്ത കുട്ടിയാണെന്നൊക്കെ പറഞ്ഞാണ് തന്നെ വേഗം കല്യാണം കഴിപ്പിക്കാൻ നോക്കിയിരുന്നതെന്നും അനുമോൾ പറയുന്നു .

സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ വീടുകളിൽ പെൺകുട്ടികളെ പെണ്ണുകാണാൻ വരുന്നത് തന്റെ നാട്ടിലെ ആചാരമാണെന്നും ഒരു പെൺകുട്ടിയെ കാണാൻ വരുമ്പോൾ ആ നാട്ടിലെ മറ്റ് പെൺകുട്ടികളെയും കണ്ട് അവരുടെ ജാതകവും കൂടെ വാങ്ങിയാണ് പോവുകയെന്നും അനു പറഞ്ഞു. ഇതുപോലെയുള്ള ആചാരങ്ങളെയെല്ലാം താൻ പണ്ട് മുതൽ എതിർക്കാറുണ്ടെന്നും എന്നാൽ നാട്ടുനടപ്പാണെന്നാണ് തിരിച്ച് മറുപടി കിട്ടുകയെന്നും അനുമോൾ പറഞ്ഞു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ എന്നെ പെണ്ണ് കാണാൻ വരുന്നുണ്ട്. എന്റെ നാട്ടിൽ അങ്ങനെ കുറച്ച് ആചാരങ്ങളുണ്ട്. അച്ഛൻ ഇല്ലാത്ത കുട്ടിയാണ് എന്നതാണ് അവർ പറയുന്ന കാരണം . എനെറെ വീട്ടിൽ ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. അതിനാൽ തന്നെ വെച്ചോണ്ടിരിക്കേണ്ടെ ആളുകൾ വരുമ്പോൾ പെട്ടെന്ന് പെണ്ണ് കാണിക്കുക എന്നാണ് അവർ പറഞ്ഞത്.

കേരളത്തിലെ മറ്റ് നാടുകളിൽ ഒക്കെ വീട്ടുകാരൊക്കെ സംസാരിച്ച്, ജാതകം നോക്കിയിട്ടല്ലെ പെണ്ണിനെ കാണിക്കുക. ഞങ്ങളുടെ നാട്ടിൽ ആരു വന്നാലും പെണ്ണിനെ കാണിക്കുമെന്ന അവസ്ഥയാണ്. എന്നെ പെണ്ണ് കാണാൻ വരുന്ന ആള് എന്നെ കണ്ട് പോകുകയല്ല ചെയ്യുക. ആ ഭാഗത്തുള്ള ബാക്കി വീടുകളിലും കയറി ഇറങ്ങും. എന്നിട്ട് അവരുടെയെല്ലാം ജാതകം വാങ്ങിയിട്ടാണ് പോവുക. ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ മാത്രമെ ഇത്തരമൊരു രീതിയുള്ളു. ഞാൻ എപ്പോഴും അതിനോട് തർക്കിക്കാറുണ്ട്. നാട്ടുനടപ്പാണെന്നാണ് പറയുക, അനുമോൾ പറഞ്ഞു.