അരിക്കൊമ്ബന്‍ മിഷന്‍ ഹെെക്കോടതി സ്റ്റേ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ‌ഞ്ചായത്തുകള്‍

single-img
24 March 2023

ശാന്തന്‍പാറ: ഇടുക്കിയിലെ അരിക്കൊമ്ബന്‍ മിഷന്‍ ഹെെക്കോടതി സ്റ്റേ ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ‌ഞ്ചായത്തുകള്‍.

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകള്‍ കേസില്‍ കക്ഷി ചേരും. വനം മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.

അരിക്കൊമ്ബനെ മയക്കുവെടിവച്ച്‌ പിടികൂടുന്നതിനുള്ള ദൗത്യം ഈ മാസം 29ന് കേസ് പരിഗണിച്ച ശേഷം മതിയെന്നാണ് കോടതി ഉത്തരവ്. അരിക്കൊമ്ബനെ പിടികൂടുന്നതിനെതിരെ മൃഗസംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വലിയ ജനകീയ പ്രതിഷേധത്തിനെടുവിലാണ് അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാന്‍ തീരുമാനമായത്. എന്നാല്‍ കോടതി വിധി വന്നതോടെ വീണ്ടും പ്രതിഷേധമുണ്ടാവുമെന്ന സൂചന നല്‍കിയാണ് ചിന്നക്കനാല്‍ പഞ്ചായത്ത് ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗം അവസാനിപ്പിച്ചത്. നടപടികള്‍ ഹെെക്കോടതി തടഞ്ഞ പശ്ചാത്തലത്തില്‍ വയനാട്ടില്‍ നിന്നു മറ്റു രണ്ടു കുങ്കിയാനങ്ങളെ കൊണ്ടുവരുന്നത് നീട്ടി. ഉന്നതതല യോഗത്തിന് ശേഷം ആനകളെ കൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കും. ഇപ്പോഴുള്ള നീരിക്ഷണം തുടരുമെന്നും ആനയെ പിടികൂടാനുള്ള ദൗത്യം 29ന് ശേഷം ഉണ്ടാകുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.