ബിജെപിയുമായി സഖ്യം ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയും; മറ്റത്തൂരിൽ കോൺഗ്രസിൽ സമവായം

single-img
2 January 2026

മറ്റത്തൂരിലെ കോൺഗ്രസ്–ബിജെപി സഖ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെപിസിസി സമവായത്തിലെത്തി. ബിജെപി പിന്തുണയോടെ വൈസ് പ്രസിഡന്റായ നൂർജഹാൻ നവാസ് നാളെ രാജിവെക്കുമെന്ന് കെപിസിസി അറിയിച്ചു. ബിജെപിയുമായി ചേർന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങൾ തെറ്റ് ഏറ്റുപറയുമെന്നും, ഇവർക്ക് പാർട്ടിയിലേക്ക് തിരിച്ചെത്താൻ അവസരം നൽകാനും തീരുമാനമായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് വിമത വിഭാഗം നേതാക്കൾ ഉന്നയിച്ച പരാതികളിൽ അന്വേഷണം നടത്തുമെന്നും കെപിസിസി ഉറപ്പ് നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ഇടപെടലിനെ തുടർന്നാണ് പ്രശ്നപരിഹാരത്തിലേക്ക് നീക്കം നടന്നത്.

ഇന്ന് സണ്ണി ജോസഫിന്റെ പ്രതിനിധിയായ റോജി എം. ജോൺ എംഎൽഎയും വിമത വിഭാഗം നേതാവ് ടി.എം. ചന്ദ്രൻ ഉൾപ്പെടെയുള്ളവരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. മറ്റത്തൂരിൽ ഡിസിസി നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമത നേതാക്കൾക്ക് കെപിസിസി ഉറപ്പ് നൽകിയിട്ടുണ്ട്.

ഈ തീരുമാനങ്ങളോടെ പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നേതാക്കൾ അറിയിച്ചു.