ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ പാക് യുവതി അതിര്‍ത്തി കടന്ന് കൊല്‍ക്കത്തയിലെത്തി

single-img
6 December 2023

ലോകത്തെവിടെയും പ്രണയത്തിന് അതിർത്തികളില്ല എന്നത് ഒന്നുകൂടി ഉറപ്പിക്കുകയാണ് ഇന്ത്യൻ യുവാവും പാക് യുവതിയും. ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാനായി പാക് യുവതി അതിര്‍ത്തി കടന്ന് പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെത്തിയിരിക്കുകയാണ്. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ യുവതി ജുവൈരിയ ഖാൻ വാഗാ അട്ടാരി അതിര്‍ത്തി കടന്നാണ് ഇന്ത്യയിലെത്തിയത്.

കാമുകനായ സമീര്‍ ഖാനും കുടുംബാംഗങ്ങളും ചേര്‍ന്ന് വാദ്യമേളങ്ങളോടെയാണ് വധുവിനെ സ്വീകരിച്ചത്. ഇരുവരുടെയും വിവാഹത്തിനായി 45 ദിവസത്തെ വിസയാണ് ജുവൈരിയക്ക് അനുവദിച്ചത്. നേരത്തെ രണ്ടുതവണ വിസ നിഷേധിച്ചിരുന്നു. 2024 ജനുവരിയിൽ വിവാഹം നടക്കുമെന്ന് അട്ടാരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ദമ്പതികള്‍ വ്യക്തമാക്കി.

“എനിക്ക് ഇപ്പോൾ 45 ദിവസത്തെ വിസ അനുവദിച്ചു. ഇന്ത്യയിൽ വന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എത്തിയപ്പോള്‍ തന്നെ എനിക്ക് വളരെയധികം സ്നേഹം ലഭിച്ചു. ജനുവരി ആദ്യവാരം വിവാഹം നടക്കും,” ജൂവൈരിയ പറഞ്ഞു. ”രണ്ട് തവണ വിസയ്ക്ക് ശ്രമിച്ചെങ്കിലും മൂന്നാം തവണയാണ് ഭാഗ്യം ലഭിച്ചത്. ഇത് സന്തോഷകരമായ അവസാനവും സന്തോഷകരമായ തുടക്കവുമാണ്.” യുവതി അറിയിച്ചു.