പാക് ഭീകരർ ഉപയോഗിക്കുന്നത് ചെെനീസ് നിർമ്മിത ആയുധങ്ങളും ഉപകരണങ്ങളും: തെളിവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി

single-img
26 December 2023

ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ പാക് ഭീകരർ ഉപയോഗിക്കുന്നത് ചൈന നിർമിത ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും. ലഷ്‌കർ-ഇ-തൊയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകൾ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങൾ, ബോഡി സ്യൂട്ട് ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയാണെന്നും ഇതിനു തെളിവുകൾ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ സുരക്ഷാ സേന കണ്ടെത്തിയെന്നുമാണ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ചൈനയുടെയും പാകിസ്ഥാൻ്റേയും കൂട്ടുകെട്ട് വെളിപ്പെടുത്തുന്ന മൂന്ന് വലിയ ഭീകരാക്രമണങ്ങളാണ് ഈ വർഷം നടന്നതെന്നും സൈനിങ്ങൾ വ്യക്തമാക്കുന്നു. അതിർത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ചൈനീസ് നിർമ്മിത ആയുധങ്ങൾ തീവ്രവാദികൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ സൈനികർക്കെതിരെ ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച സ്‌നൈപ്പർ തോക്കുകളാണ് പാകിസ്ഥാൻ ഉപയോഗിക്കുന്നത്.

ഈ വർഷം നവംബറിൽ ജമ്മു അതിർത്തിയിൽ സൈനികന് നേരെ സ്‌നൈപ്പർ തോക്ക് പ്രയോഗിച്ച അത്തരമൊരു ആക്രമണം നടന്നിരുന്നു. ഈ വർഷം നടന്ന മൂന്ന് പ്രധാന ഭീകരാക്രമണങ്ങൾക്ക് ശേഷം തീവ്രവാദ സംഘടന പുറത്തുവിട്ട ചിത്രങ്ങൾ ചൈനീസ് നിർമ്മിത ബോഡി ക്യാമറകളിൽ നിന്നാണ് പകർത്തിയിരിക്കുന്നത്. അത്തരത്തിലെടുത്ത ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയും മോർഫ് ചെയ്യുകയും ചെയ്തവയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ആശയവിനിമയത്തിനായി തീവ്രവാദികൾ ഉപയോഗിക്കുന്ന എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങൾ അയക്കുന്ന ഉപകരണങ്ങളും ചൈനീസ് നിർമ്മിതമാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാൻ സൈന്യത്തിന് ചൈനയിൽ നിന്ന് ആയുധങ്ങൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ പതിവായി ലഭിക്കുന്നുണ്ട്. എന്നാൽ ഇവ പാകിസ്ഥാൻ സൈന്യം ഉപയോഗിക്കുന്നതിന് പകരം അത് ഇന്ത്യയിലെ നുഴഞ്ഞുകയറ്റത്തിനും ഭീകരാക്രമണത്തിനും വേണ്ടി പാക്ക് അധീന കാശ്മീരിലെ തീവ്രവാദ സംഘടനകൾക്ക് വിതരണം ചെയ്യുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.