നമ്മുടെ ലക്‌ഷ്യം കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുകയെന്നതാണ്: അമിത് ഷാ

കേരളത്തിൽ എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ അധികാരത്തിലെത്തിയാൽ സ്വാമി പത്മനാഭനെ വണങ്ങുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും, ആ വാഗ്ദാനം നിറവേറ്റിയ ശേഷമാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിൽ താമര വിരിയിക്കുന്നത് എളുപ്പമായിരുന്നില്ലെന്നും, പാറപോലെ ഉറച്ചുനിന്ന പ്രവർത്തകർ നേടിയെടുത്ത വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു, മഹാത്മാ അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, ശങ്കരാചാര്യർ തുടങ്ങിയ മഹാത്മാക്കളെ വണങ്ങുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും, സംസ്ഥാനത്ത് എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2047 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്നും, വികസിത ഇന്ത്യയിലേക്കുള്ള വഴി വികസിത കേരളത്തിലൂടെയായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പരസ്പര സഹകരണം കേരളത്തിലെ വികസനം സ്തംഭിപ്പിച്ചുവെന്നും, സംസ്ഥാനത്തിന്റെ ഭാവി ഈ രണ്ട് മുന്നണികൾക്ക് കൈമാറാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇരു മുന്നണികൾക്കും ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും, ലോകമെമ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അസ്തമിക്കുകയാണെന്നും, രാജ്യത്ത് കോൺഗ്രസും അവസാനഘട്ടത്തിലാണെന്നും അമിത് ഷാ ആരോപിച്ചു. കേരളത്തിന്റെ വികസനം ബിജെപിയിലൂടെ മാത്രമേ സാധ്യമാകൂവെന്നും, 2014 മുതൽ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് ശതമാനം തുടർച്ചയായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 മുതൽ 2040 വരെ ഈ വർധന കൂടുതൽ വേഗത്തിലാകുമെന്നും അമിത് ഷാ വ്യക്തമാക്കി.
അസം, മണിപ്പൂർ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ മുന്നേറ്റങ്ങൾ ഉദാഹരിച്ചുകൊണ്ട്, അടുത്തത് കേരളത്തിന്റെ ഊഴമാണെന്നും അദ്ദേഹം പറഞ്ഞു. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നും, തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലെത്തിയതുപോലെ സംസ്ഥാനത്തും ബിജെപി മുന്നേറ്റം നടത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്നും, സമ്പൂർണ്ണ വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾ വിദേശത്ത് ജോലി ചെയ്ത് അയക്കുന്ന പണത്തിലൂടെയാണ് ഇന്ന് കേരളം നിലനിൽക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.


