ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാള്‍ കൂടുതല്‍ ഉള്ളത് ശുഭാപ്തിവിശ്വാസം: മന്‍ മോഹന്‍ സിംഗ്

single-img
8 September 2023

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമാണ് ഉള്ളതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ്. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രി മനസ്സ് തുറന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, പുതിയ ലോകക്രമത്തിന്റെ നയിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നയതന്ത്രവും വിദേശനയവും പാര്‍ട്ടിക്കോ വ്യക്തിപരമായ രാഷ്ട്രീയത്തിനോ വേണ്ടി ഉപയോഗിക്കുന്നതില്‍ സംയമനം വേണ്ടതുണ്ട് എന്ന ജാഗ്രതയും അദേഹം മുന്നോട്ട് വച്ചു.സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം പരമാധികാരവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യ ശരിയായ കാര്യം ചെയ്തതായും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയേക്കാള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമാണ് ഉള്ളത്. ഇന്ത്യ ഒരു യോജിപ്പുള്ള സമൂഹമായി നിലകൊള്ളുന്നു എന്നതാണ് ശുഭാപ്തിവിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ലോകത്തെ പിടിച്ചു കുലുക്കിയ 2008 ലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നേതാക്കളുടെ ഉച്ചകോടി എന്ന നിലയില്‍ ജി20 നിലവില്‍ വന്നത്.

ജി20 യുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ റൊട്ടേഷന്‍ അവസരം എന്റെ ജീവിതകാലത്ത് വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ജി20 ഉച്ചകോടിക്ക് ഇന്ത്യ ലോക നേതാക്കളെ ആതിഥേയത്വം വഹിക്കുന്നതിന് ഞാന്‍ സാക്ഷിയാണ്. വിദേശനയം എക്കാലവും ഇന്ത്യയുടെ ഭരണചട്ടക്കൂടിന്റെ ഒരു പ്രധാന ഘടകമാണ്, എന്നാല്‍ ആഭ്യന്തര രാഷ്ട്രീയത്തിന് മുമ്പത്തേതിനേക്കാള്‍ ഇന്ന് അത് കൂടുതല്‍ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതും ആയിത്തീര്‍ന്നിരിക്കുന്നു എന്ന് പറയുന്നതാണ് ശരി.

ആഭ്യന്തര രാഷ്ട്രീയത്തില്‍ ലോകത്തില്‍ ഇന്ത്യയുടെ നില ഒരു വിഷയമാകുന്നതാണെങ്കിലും, നയതന്ത്രവും വിദേശനയവും പാര്‍ട്ടിക്കോ വ്യക്തിഗത രാഷ്ട്രീയത്തിനോ വേണ്ടി ഉപയോഗിക്കുന്നതില്‍ സംയമനം പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. അദ്ദേഹം പറഞ്ഞു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനും പാശ്ചാത്യ രാജ്യങ്ങളും ചൈനയും തമ്മിലുള്ള ജിയോ പൊളിറ്റിക്കലായ അഭിപ്രായ ഭിന്നതയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രമം ഇപ്പോള്‍ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ ലോകക്രമത്തെ നയിക്കുന്നതില്‍ ഇന്ത്യയ്ക്ക് നിര്‍ണായക പങ്കുണ്ട്. സ്വാതന്ത്ര്യാനന്തരം കെട്ടിപ്പടുത്ത ഭരണഘടനാ മൂല്യങ്ങളുള്ള സമാധാനപരമായ വലിയ ജനാധിപത്യം എന്ന നിലയില്‍ ഇന്ത്യയ്ക്ക് ആഗോളതലത്തില്‍ വലിയ ബഹുമാനം ലഭിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.