ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം; എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ മതി

single-img
13 December 2022

തിരുവനന്തപുരം:ചാന്‍സലര്‍ ബില്ലില്‍ ബദല്‍ നിര്‍ദേശവുമായി പ്രതിപക്ഷം. എല്ലാ സര്‍വകലാശാലകള്‍ക്കുമായി ഒറ്റ ചാന്‍സലര്‍ വേണമെന്നാണ് പ്രതിപക്ഷ നിലപാട്.

വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാന്‍സലര്‍ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണം .മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി.സമിതിയുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച്‌ ചാന്‍സലറെ നിയമിക്കണമെന്നും പ്രതിപക്ഷം ഭേദഗതി നിര്‍ദ്ദേശിക്കും.ചര്‍ച്ചയില്‍ ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനും പ്രതിപക്ഷത്ത് ധാരണയായി.

അതേസമയം ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണ്ണറെ മാറ്റാനുള്ള ബില്‍ നിയമസഭ ഇന്ന് പാസ്സാക്കും. സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലാണ് ഇന്ന് ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നത്. ഗവര്‍ണ്ണര്‍ക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരെ ചാന്‍സലറാക്കണം എന്നാണ് ബില്ലിലെ നിര്‍ദ്ദേശം. വിസി ഇല്ലെങ്കില്‍ പകരം ചുമതല പ്രോ വിസിക്കോ മറ്റ് സര്‍വ്വകലാശാല വിസിമാര്‍ക്ക് നല്‍കും എന്നായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ.

ഇത് യുജിസി മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിസി ഇല്ലെങ്കില്‍ ചാന്‍സലറും പ്രോ ചാന്‍സലറും ചേര്‍ന്ന് ആലോചിച്ച്‌ പകരം സംവിധാനം എന്ന രീതിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണ്ണര്‍ ഒപ്പിടില്ല. നേരത്തെ സമാനവ്യവസ്ഥകളോടെ ഇറക്കിയ ഓ‌ര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണ്ണര്‍ക്കെതിരെ നിയമ-രാഷ്ട്രീയ പോരാട്ടം ശക്തമാക്കാനാകും സര്‍ക്കാര്‍ നീക്കം.