കേരളത്തിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം; പൊട്ടിക്കാൻ രണ്ട് മണിക്കൂർ, സർക്കാർ ഉത്തരവിറങ്ങി

single-img
9 November 2023

ഇത്തവണ സംസ്ഥാനത്തെ ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കാനുള്ള സമയം രണ്ട് മണിക്കൂർ മാത്രമാണെന്ന് സർക്കാർ ഉത്തരവിറക്കി. രാത്രി എട്ട് മുതൽ പത്ത് വരെയാണ് സമയം. ആഘോഷങ്ങൾക്ക് ഹ​രിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്.

സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കും ചുമതല നൽകിയിട്ടുണ്ട്. ഇതിനു പുറമെ ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനു സമയ നിയന്ത്രണമുണ്ട്. രാത്രി 11.55 മുതൽ 12.30 വരെയാണ് പടക്കം പൊട്ടിക്കാനുള്ള സമയം.

വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ട്രബ്യൂണൽ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആഘോഷങ്ങളിൽ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂവെന്നും ജില്ലാ മജിസ്ട്രേറ്റുമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.