ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസിൽ ഒരാൾ കുറ്റക്കാരൻ; 3 പേരെ കോടതി വെറുതെവിട്ടു

single-img
2 March 2023

യുപിയിലെ വിവാദമായ ഹത്രാസ് കൂട്ട ബലാത്സംഗ കൊലക്കേസിൽ മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു. പ്രതികളായ ലവ്കുഷ് സിംഗ്, രാമു സിംഗ്, രവി സിംഗ് എന്നിവരെയാണ് വെറുതെ വിട്ടത്. നാല് പ്രതികളിൽ ഒരാൾ കുറ്റക്കാരാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

പ്രതികളിലൊരാളായ സന്ദീപിന് ജീവപര്യന്തത്തോടൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 900 ദിവസത്തിന് ശേഷമാണ് കേസിൽ വിധിവരുന്നത്. കോടതി വിധിയിൽ തൃപ്തിയില്ലെന്നും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പെൺകുട്ടിയുടെ കുടുംബം അറിയിച്ചു. 2020 സെപ്റ്റംബറിൽ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂൽഗർഹിയിൽ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്‌തിരുന്നു.

ഇതേ ഗ്രാമത്തിലെ നാല് ഉയർന്ന ജാതിക്കാരായ താക്കൂർമാരാണ് കേസിലെ പ്രതികൾ. പിന്നീട് ഡൽഹിയിലെ സഫ്‌ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.