ദുരിതാശ്വാസത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

single-img
7 August 2026

ആറന്മുളയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. പിഴ ചുമത്തിയ എംവിഡി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്.

സംഭവം വിവാദമായതിനെ തുടർന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗത മന്ത്രിയുമായി നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. അതേസമയം, വാഹനത്തിന് ചുമത്തിയ പിഴ തുക യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി അടയ്ക്കണമെന്ന് എംഎൽഎ നിർദേശം നൽകിയിരുന്നു.

മെഴുവേലി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഓഫ് റോഡ് വാഹനമാണ് പ്രളയബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി ആറന്മുളയിൽ എത്തിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഉപയോഗിച്ചിരുന്ന വാഹനത്തിന് പിഴ ചുമത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

തങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എത്തിയതാണെന്നും വാഹനത്തിന്റെ സ്പെയർ പാർട്സ് വാങ്ങുന്നതിനായി അടൂരിലെത്തിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി പിഴ ചുമത്തിയതെന്നും വാഹന ഉടമ പ്രതികരിച്ചു.

അതേസമയം, വാഹനത്തിൽ നിയമവിരുദ്ധമായി ഉയർന്ന ശേഷിയുള്ള ലൈറ്റുകൾ ഘടിപ്പിച്ചിരുന്നതായി എംവിഡി വിശദീകരിച്ചു. ഇത്തരം ലൈറ്റുകൾ പ്രവർത്തിപ്പിച്ചാൽ എതിർദിശയിൽ വരുന്ന വാഹനയാത്രികരുടെ കാഴ്ചയെ ബാധിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയല്ല പരിശോധന നടത്തിയതെന്നും, വാഹന പരിശോധനയും നിയമനടപടിയും സാധാരണ പരിശോധനയുടെ ഭാഗമായാണ് നടത്തിയതെന്നും എംവിഡി അധികൃതർ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.