ചരിത്ര കോൺഗ്രസിൽ ഗവർണറെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം

single-img
3 November 2022

ഗവർണർ സർക്കാർ പോര് രൂക്ഷമാകവേ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് നിയമോപദേശം നൽകിയത്. നേരത്തെ പബ്ലിക് പ്രോസിക്യൂട്ടറും കേസ് എടുക്കണ്ട എന്ന് നിയമോപദേശം നൽകിയിരുന്നു.

ഗവർണറുടെ ആരോപണത്തെ തുടർന്ന് കണ്ണൂരിലെ ലോയേഴ്സ് കോൺഗ്രസ് നേതാവാണ് പോലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്നാണ് പോലീസ് നിയമോപദേശം തേടിയത്. എന്നാൽ ചരിത്ര കോൺഗ്രസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിക്രമമുണ്ടായിട്ടില്ല, അതുകൊണ്ട് കേസെടുക്കേണ്ടതില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ നൽകിയ ഉപദേശം. മാത്രമല്ല ഗവർണറുടെ സുരക്ഷാ ചുമതലയുള്ള എഡിസിയിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഡിജിപി ടി എ ഷാജിയുടെ നിയമോപദേശവും പോലിസ് തേടിയത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്കെതിരേ പ്രക്ഷോഭം കത്തി നിൽക്കുന്ന കാലത്താണ് 2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാല ചരിത്ര കോണ്‍ഗ്രസിന് വേദിയാകുന്നത്. ഉദ്ഘാടകനായെത്തിയ ആരിഫ് മുഹമ്മദ് ഖാൻ പൗരത്വ ഭേദഗതിക്ക് അനുകൂലമായി സംസാരിച്ചതോടെ പ്രമുഖ ചരിത്രകാരനായ ഇർഫാൻ ഹബീബും മറ്റ് വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഗവർണറുടെ സിഎഎ അനുകൂല നിലപാടിനെ തുടർന്ന് പരിപാടിയിൽ ബഹളമുണ്ടായെങ്കിലും കയ്യേറ്റ ശ്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് പിന്നീട് കണ്ണൂർ സർവകലാശാല രാജ്ഭവന് റിപ്പോർട്ട് സമർപ്പിച്ചു.