സഹമന്ത്രി പദവി വേണ്ട ; ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് സുരേഷ് ഗോപി

single-img
10 June 2024

മൂന്നാം മോഡി മന്ത്രിസഭയിൽ സഹമന്ത്രി പദവി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് ബിജെപി കേന്ദ്ര നേതാക്കളെ അറിയിച്ച് കേരളത്തിൽ നിന്നും ജയിച്ച സുരേഷ് ഗോപി. ഏറ്റെടുത്ത സിനിമ പ്രോജക്ടുകൾ പൂർത്തിയാക്കണമെന്നാണ് സുരേഷ് ഗോപി കേന്ദ്ര നേതാക്കളെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നത നേതാക്കൾ സുരേഷ് ഗോപിയുമായി സംസാരിച്ചേക്കും.

അതേസമയം അർഹമായ പരിഗണന തനിക്ക് ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തിയുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൗണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. കേരളത്തിലെ മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത് എന്നാണ് വിവരം.

എന്നാൽ സിനിമയിൽ അഭിനയിക്കാനുള്ള സൗകര്യം കണക്കിൽ എടുത്താണ് സുരേഷ് ഗോപിക്ക് സഹമന്ത്രി സ്ഥാനം നൽകിയതെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം. സുരേഷ് ഗോപി സാംസ്കാരിക മന്ത്രാലയത്തിലേക്കെന്നാണ് സൂചന.

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമാണ്.