കോൺഗ്രസില്ലാതെ ഒരു പ്രതിപക്ഷ മുന്നണിയും വിജയിക്കില്ല: ജയറാം രമേശ്

single-img
19 March 2023

കോൺഗ്രസിനെ കൂട്ടാതെ ബിജെപിയെ നേരിടാൻ ഒരു പ്രതിപക്ഷ മുന്നണിക്കും സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ഒരു പ്രതിപക്ഷ സഖ്യം രൂപീകരിച്ചാൽ പാർട്ടിക്ക് അതിൽ കേന്ദ്ര പങ്ക് ഉണ്ടാകുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എന്നാൽ, കർണാടകയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഈ വർഷം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുമാണ് കോൺഗ്രസിന്റെ പ്രഥമ പരിഗണന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയാണെങ്കിൽ, അതിൽ കോൺഗ്രസ് പ്രധാന പങ്ക് വഹിക്കും. കോൺഗ്രസില്ലാതെ ഒരു മുന്നണിയും സാധ്യമല്ല. എന്നാൽ ഇതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമായിട്ടില്ല – ജയറാം രമേശ് പറഞ്ഞു.

ആദ്യം കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നു, അതിനുശേഷം തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഈ വർഷം, ഞങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ തിരക്കിലായിരിക്കും, 2024 ലെ തിരഞ്ഞെടുപ്പ് പിന്നീട് കാണും- ജയറാം രമേശ് കൂട്ടിച്ചേർത്തു.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഉത്തർപ്രദേശിലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയും കോൺഗ്രസിൽ നിന്നും ബിജെപിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് രമേശിന്റെ പരാമർശം.