ഉള്ളത് നൂറിലധികം അക്കൗണ്ടുകൾ; പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്

single-img
27 December 2022

രാജ്യത്തെ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗള്‍ഫ് രാജ്യങ്ങളെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്. നൂറിലധികം അക്കൗണ്ടുകളാണ് പോപ്പുലര്‍ ഫ്രണ്ടിനായിട്ടുള്ളതെന്നും എൻ ഐ എ പറയുന്നു. ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച സംഘം തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നും എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലെ ധാരാളം ബാങ്കുകളിലേക്കായി പണം അയക്കാറുണ്ട്. ഈ രീതിയിൽ നാട്ടിലെത്തുന്ന പണം പിഎഫ്‌ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. പലതരം പേരുകളിലായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സംഘടനകള്‍ രൂപികരിച്ച് പിരിച്ചെടുത്ത പണവും നാട്ടില്‍ എത്തിച്ചിരുന്നു.

അതേസമയം, ‘കുവൈത്ത് ഇന്ത്യന്‍ ഫോറം’ എന്ന പേരില്‍ പിഎഫ്‌ഐ കുവൈത്തില്‍ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയിൽ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഫോറത്തിലെ അംഗങ്ങളില്‍ നിന്ന് വാര്‍ഷിക അംഗത്വ ഫീസ് ഇടാക്കിയിരുന്നതായും സംഘം അറിയിച്ചു.

നിലവിൽ രണ്ട് ഫൗണ്ടേഷനുകളെ കേന്ദ്രീകരിച്ചാണ് ഒമാനില്‍ അന്വേഷണം നടക്കുന്നത്. അവിടെ നിന്നും സ്വരൂപിച്ച തുക രാജ്യത്തേക്കെത്തിച്ചു. റിയല്‍ എസ്റ്റേറ്റ്, ലൈസന്‍സുള്ള പബ് നടത്തിപ്പ് എന്നിവയില്‍ നിന്നും ലഭിക്കുന്ന തുകയും നാട്ടിലേക്ക് അയക്കുകയാണ് പതിവ്. നാട്ടിലെ മുസ്ലീമുകള്‍ക്കുള്ള സഹായം എന്ന പേരിലാണ് പണം ശേഖരിക്കുന്നത്. ഇവിടെ നിന്നും നാട്ടിലെ എസ്ഡിപിഐ നേതാക്കള്‍ക്ക് പണമയച്ചതിന്റെ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്