ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് തൊട്ടുപിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു; ചികിത്സയിലെ പിഴവ്‌ ആരോപിച്ചു ബന്ധുക്കൾ

single-img
7 December 2022

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിന് തൊട്ടുപിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു.

കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുട്ടിയുമാണ് മരിച്ചത്. അമ്മയും കുഞ്ഞും മരിച്ചതോടെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ ബന്ധുക്കള്‍ രംഗത്തെത്തി. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നും ഈ പിഴവാണ് അമ്മയുടേയും കുഞ്ഞിന്‍റേയും മരണത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ലേബര്‍മുറിയില്‍ പരിചരിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും ബന്ധുക്കള്‍ പരാതി നല്‍കി.

ഇന്നലെ രാത്രിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചത്. പുറത്തെടുക്കുമ്ബോള്‍ തന്നെ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞപ്പോള്‍ തന്നെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ 5മണിയോടെ അമ്മയും മരിച്ചത്

രക്തസമ്മര്‍ദം താഴ്ന്നാണ് അമ്മ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത് . ഇതോടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വച്ചു. ചികില്‍സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ചാണ് ബഹളം.