നവീന്‍ ബാബുവിന്റെ മരണകാരണം കണ്ടെത്തണം: സണ്ണി ജോസഫ്
കണ്ണൂർ ജില്ലാ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എം.എല്‍.എ. ഇന്നലെ സംഘടിപ്പിച്ച നവീൻ ബാബുവിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നു സണ്ണി ജോസഫ് ആരോപിച്ചു.
കണ്ണൂർ ജില്ലാ കളക്ടർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നില്ല. പക്ഷെ യോഗം നടക്കുന്ന സമയം വേദിയിലേക്ക് എത്തിയ പിപി ദിവ്യ എഡിഎമ്മിനെ അധിക്ഷേപിക്കുകയായിരുന്നു. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് അതിന്റെതായ രീതിയിലായിരുന്നു പറയേണ്ടിയിരുന്നത്. കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെ ആയിരുന്നില്ലെന്നും സണ്ണി ജോസഫ് എംഎൽഎ പ്രതികരിച്ചു.
നിലവിൽ എഡിഎമ്മിന്റെ മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം. ഇത് ഒരു അധിക്ഷേപവും അവഹേളനവുമായിട്ടേ ആര്‍ക്കും തോന്നുകയുള്ളു. നവീന്‍ ബാബുവിനും തോന്നിയിട്ടുണ്ടാകാം. സംസ്ഥാന സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു.
ജില്ലയിൽ കളക്ടര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെയാളാണ്. അങ്ങിനെയുള്ള ഒരു വ്യക്തിക്ക് പോലും ഈ രീതിയിൽ ജീവിതം അവസാനിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുന്നു എന്നത് ഏറെ വേദനാജനകമാണ്. ആരോപണമുന്നയിച്ച വിഷയത്തിലും വസ്തു നിഷ്ഠമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.