നസ്‌ലിന്‍ കെ. ഗഫൂറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് യു.എ.ഇയില്‍ നിന്നുള്ളത്
യുവ നടന്‍ നസ്‌ലിന്‍ കെ. ഗഫൂറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് യു.എ.ഇയില്‍ നിന്നുള്ളതെന്ന് കണ്ടെത്തി. നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്താ പോസ്റ്ററില്‍ വിവാദ കമന്‍റിട്ടതോടെയാണ് ഈ അക്കൗണ്ട് ജനശ്രദ്ധയില്‍പ്പെട്ടത്
മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന്റെ വാര്‍ത്തയുടെ താഴെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ നടന്‍ കമന്‍റിട്ടെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് നടനെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതോടെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കി നടന്‍ രംഗത്ത് വരികയും സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് കമന്റിട്ടത് യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ടില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിന് കത്തയച്ചതിന് പിന്നാലെ വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ നടന്‍ വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് കമന്റ് ഇട്ടിരിക്കുന്നതെന്നും തനിക്കെതിരായ സൈബര്‍ ആക്രമണം വേദനാജനകമാണെന്നും താരം പറഞ്ഞു.