കർണാടകയിലെ ക്ഷേത്രങ്ങളിൽ ടിപ്പുവിന്റെ കാലത്ത് ആരംഭിച്ച പൂജയുടെ പേര് മാറ്റുന്നു

single-img
11 December 2022

കർണാടകയിലെ ചില ഹിന്ദു ക്ഷേത്രങ്ങളിൽ കാലങ്ങളായി പിന്തുടരുന്ന പ്രത്യേക പൂജയായ ‘സലാം ആരതി’യുടെ പേര് മാറ്റുന്നു. സംസ്ഥാന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ‘ആരതി നമസ്‌കാര’ എന്ന പേരിലായിരിക്കും പൂജ അറിയപ്പെടുക.

ഇത്തരത്തിൽ പേര് മാറ്റുന്നതായുള്ള സർക്കുലർ കർണാടക ഹിന്ദു ആരാധനാലയ-ചാരിറ്റബിൾ മന്ത്രി ശശികല ജോള്ളെ ഉടൻ പുറത്തിറക്കുമെന്ന് ദേശീയ മാധ്യമമായ ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിലെ ക്ഷേത്രപൂജാരിമാരുടെയും ഭാരവാഹികളുടെയും സമിതിയായ രാജ്യധാർമിക പരിഷത്തിലും പൂജകളുടെ പേരുമാറ്റാൻ തീരുമാനമായിരുന്നു.

കർണാടകയിലെ പ്രശസ്തമായ കൊല്ലൂർ ശ്രീമൂകാംബിക, പുത്തൂർ ശ്രീ മഹാലിംഗേശ്വര, കുക്കെ സുബ്രഹ്മണ്യ, മാണ്ഡ്യ മേലുകോട്ടെ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം സലാം ആരതി പൂജ ചെയ്യുന്നുണ്ട്. ടിപ്പു സുൽത്താന്റെ ഭരണകാലയളവിൽ ആരംഭിച്ച പൂജ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയതിനു പിന്നാലെയാണ് കർണാടക സർക്കാരിന്റെ നടപടി.