എംവി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്ര; പരിഹാസവുമായി എം എം ഹസൻ

single-img
16 February 2023

കേരളത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്താൻ പോകുന്നത് പിണറായി പ്രതിരോധ യാത്രയാണെന്ന പരിഹാസവുമായിയു.ഡി.എഫ് കൺവീനർ എം.എം ഹസൻ . പിണറായി വിജയനെപ്പോലെ ഒരു ഭരണാധികാരി മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് സർ സിപിയാണെന്നും അഭിനവ സർ സിപിയായി പിണറായി മാറിയിരിക്കുകയാണ്. കേരളത്തിൽ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുകയാണെന്നും ഹസൻ പറഞ്ഞു.

എം ശിവശങ്കർ നടത്തിയ വെളിപ്പെടുത്തലുകളിൽ മുഖ്യമന്ത്രി മറുപടി പറയണം. കേസിൽ പങ്കില്ലെങ്കിൽ എന്തിനാണ് സിബിഐ അന്വേഷണത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്ന് ഹസൻ ചോദിച്ചു. ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ, സംസ്ഥാന സ്പീക്കർ എ എൻ ഷംസീർ പാണക്കാട് സന്ദർശിച്ചത് ദുആ ചെയ്യിക്കാനായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർക്ക് രാഷ്ട്രീയമില്ല. അദ്ദേഹം ഒരു മതവിശ്വാസിയാണ്, ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി തങ്ങളെക്കൊണ്ട് ദുആ ചെയ്യിക്കാനായിരിക്കും പോയതെന്ന് ഹസൻ കൂട്ടിച്ചേർത്തു.