ഇങ്ങനെ കത്തെഴുതുന്ന സംവിധാനം പാർട്ടിക്കില്ല : എം.വി. ഗോവിന്ദൻ

single-img
6 November 2022

തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രനെ സംരക്ഷിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം പാർട്ടിക്കില്ല എന്ന് എം വി ഗോവിന്ദൻ പറഞ്ഞു. താല്‍ക്കാലിക നിയമനത്തിന് പാര്‍ട്ടിക്കാരുടെ പട്ടിക തേടിയ കത്ത് തയ്യാറാക്കിയത് താനല്ലെന്നു മേയർ വ്യക്തമാക്കിയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

കത്ത് വ്യാജമെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്നും മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട് എം വി ഗോവിന്ദൻ പറഞ്ഞു.

ഗവര്ണര്ക്കെതിരെയും രൂക്ഷ വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത് ഗവര്‍ണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ച് വിസിമാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുകയാണ്. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിർക്കും. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റണോ എന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ് എന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല ഗവർണറെ നേരിടാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കും എന്നും, ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്കു അധികാരമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.